SEARCH


Puthiyaramban Theyyam - പുതിയാറമ്പന്‍ തെയ്യം

Puthiyaramban Theyyam - പുതിയാറമ്പന്‍ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Puthiyaramban Theyyam - പുതിയാറമ്പന്‍ തെയ്യം

രയരമംഗലത്ത് നിന്ന് യോദ്ധാവായ പുതിയപറമ്പന്‍ വന്നു ക്ഷേത്രപാലകനോട് യുദ്ധം ചെയ്തു തോറ്റുവെന്നും തുടര്‍ന്ന് കോട്ടയിലെ ജാതിമരത്തില്‍ കെട്ടിയിടുകയും കാളരാത്രിയമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം കൊല്ലാതെ മോചിപ്പിക്കുകയും പിന്നീട് തിരിച്ചുപോകാതിരുന്ന പുതിയപറമ്പനെ ക്ഷേത്രപാലകന്‍ തന്റെ പ്രധാനിയായി വഴിച്ചുവെന്നുമാണ് ഐതിഹ്യം.

ഉദിനൂര്‍ കൂലോത്തെ പാട്ടുത്സവം കഴിഞ്ഞു മൂന്നാം നാള്‍ നടക്കുന്ന കളിയാട്ടത്തിനാണ് വിശ്വാസികളെ ഭക്തിയുടെ നെറുകയിലെത്തിക്കുന്ന ഭീമന്‍ ചൂട്ടും പുതിയാറമ്പന്‍ തെയ്യവും കലശവും രംഗപ്രവേശം ചെയ്യുന്നത്.

സര്‍വപ്രതാപങ്ങളോടെയും അര്‍ധരാത്രിയോടെ പുറപ്പാടാകുന്ന പുതിയാറമ്പന്‍ തെയ്യം ക്ഷേത്രപാലക ക്ഷേത്രത്തിനോട് ചേര്‍ന്നുകിടക്കുന്ന വലിയവീട് തറവാട്ടില്‍ എത്തിച്ചേരും. അപ്പോഴേക്കും പൂക്കള്‍ കൊണ്ട് ചമയിച്ച കലശമെടുക്കാനുള്ള ഒരുക്കങ്ങളും തറവാട്ടില്‍ തയ്യാറായിട്ടുണ്ടാകും. തെയ്യം വരുന്നതോടെ അമ്പതോളം വരുന്ന വാല്യക്കാര്‍ ചുമന്നെടുക്കുന്ന ഭീമന്‍ ചൂട്ടുകള്‍ കത്തിച്ചുതുടങ്ങും. വലിയവീട്ടില്‍ നിന്നുള്ള കലശവും അതോടൊപ്പം പുതിയാറമ്പന്‍ തെയ്യത്തെയും ക്ഷേത്രത്തിലേക്ക് ആനയിക്കാനാണ് ഭീമന്‍ ചൂട്ടുകളുടെ അകമ്പടി.

കത്തിച്ച ചൂട്ടുകള്‍ കൈമാറി കൈമാറി വാല്യക്കാര്‍ തെയ്യത്തിന് കടന്നുപോകാന്‍ വഴിയിലെ ഇരുട്ടകറ്റി വെളിച്ചം പകരുകയാണ് ചെയ്യുന്നത്. പുലര്‍ച്ചെ ഒരുമണിയോടെയുള്ള ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ അതിതീക്ഷ്ണമായ ഈ ദൃശ്യവിരുന്ന് കാണാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. കൂട്ടായ്മയുടെ ഭാഗമായി ഉദിനൂര്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാല്യക്കാര്‍ തെയ്യത്തിന് കത്തിച്ചുപിടിക്കാനുള്ള ഭീമന്‍ ചൂട്ടുകള്‍ കെട്ടിയൊരുക്കി തയ്യാറാക്കി വരുന്നത്.

തെയ്യം ദിവസം വലിയവീട്ടില്‍ എത്തിക്കുന്നതിന് നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്ന് 27 മടല്‍ തെങ്ങോലകള്‍ ഒരുപോലെ ചേര്‍ത്തുവെച്ചാണ് ഒരു ചൂട്ട് കെട്ടുന്നത്. ഇങ്ങനെയുള്ള നാല്പതും അമ്പതും ചൂട്ടുകളാണ് തെയ്യത്തിന് മുമ്പില്‍ കത്തിച്ചുപിടിക്കുക. കലശവും ആനയിച്ചു ക്ഷേത്രത്തിന്റെ വടക്കെ നടയില്‍ എത്തുന്നതോടെ തെയ്യം മുടിയഴിക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വെളിച്ചം നല്‍കി വഴികാണിക്കാന്‍ ഒരുക്കിയതാണ് ഗാംഭീര്യത്തോടെയുള്ള ഈ ഭീമന്‍ ചൂട്ടുകളെന്നാണ് ഐതിഹ്യം.

തറവാട്ടില്‍ നിന്ന് നാല്‍പ്പാടിയുടെ നേതൃത്വത്തില്‍ തടിയന്‍കൊവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ , പേക്കടം കുറവാപ്പള്ളി അറ എന്നീ ദേവസ്ഥാനങ്ങളിലെ ആചാരക്കാരുടെ അകമ്പടിയിലാണ് കലശമെടുപ്പ് നടക്കുക. ഉദിനൂരില്‍ നിന്നും 30 ഓളം വാല്യക്കാര്‍ തലേന്നാള്‍ ഏഴിമലയില്‍ എത്തി അവിടെ നിന്നും പുലര്‍ച്ചെ ചെക്കിപ്പൂവ് പറിച്ചെടുത്തു തിരിച്ചുവന്നു വഴിമദ്ധ്യേ ശ്രീ രാമവില്യം കഴകത്തിലെത്തി കുളത്തില്‍ കുളിച്ചു തൊഴുതശേഷം തറവാട്ടില്‍ എത്തിക്കുന്ന പൂവ് കൊണ്ടാണ് കലശം ചമയിക്കുന്നത്.

ഉത്സവം കഴിഞ്ഞാല്‍ വലിയവീട് തറവാട്ടില്‍ നിന്നും വരുന്ന കലശം വടക്കേ നടയില്‍ എത്തിക്കണമെന്ന ക്ഷേത്രപാലകന്റെ ആജ്ഞ അനുസരിച്ചാണ് പില്‍ക്കാലത്ത് പുതിയാറമ്പന്‍ തെയ്യമായി കെട്ടിയാടുന്നതെന്നും ഭീമന്‍ ചൂട്ടുകളുടെ അകമ്പടിയോടെ ആനയിക്കുന്നതെന്നും പഴമക്കാര്‍ പറയുന്നു.

രണ്ടാളുകള്‍ കൈകള്‍ നീട്ടിപിടിച്ചാലും എത്താത്ത വിധം വണ്ണമുള്ള ഒന്നരയാള്‍ പൊക്കത്തിലുള്ള തെങ്ങോല കൊണ്ട് മെടഞ്ഞ ഭീമാകാരമായ അമ്പതോളം ചൂട്ടുകള്‍ കത്തിച്ചുപിടിച്ചു ആര്‍പ്പുവിളികളോടെ തെയ്യത്തിനും കലശമെടുപ്പിനും വഴികാണിക്കുന്ന ഗാംഭീര്യം ഒരു പക്ഷെ, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ മാത്രമുള്ള സവിശേഷമായ കാഴ്ചയാകും.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848